കൊച്ചി: പുതുവർഷത്തിലെങ്കിലും ജനങ്ങളെ കബളിപ്പിക്കുന്നത് നിർത്താൻ മേയർ തയാറാകണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഉമാ തോമസ് എംഎൽഎയ്ക്ക് നേരിട്ട ദാരുണമായ അപകടത്തിൽ നിന്ന് മുഖം രക്ഷിക്കാൻ സ്വയം ശ്രമിക്കുന്ന മേയർ കൂടുതൽ അപഹാസ്യനാകരുത്. ഇന്ന് സമാപിക്കുന്ന ഫ്ളവർ ഷോ നിർത്തി വെയ്ക്കാൻ കോർപ്പറേഷൻ ഉത്തരവിട്ടത് ജനങ്ങളെ മണ്ടന്മാരാകാനാണ്. കഴിഞ്ഞ ഒരാഴ്ചയായി മറൈൻഡ്രൈവിൽ നടന്നുവന്ന ഫ്ളവർ ഷോ നിർത്തി വെയ്ക്കാൻ സമാപന ദിവസം ആവശ്യപ്പെട്ടത് ആരെ കബളിപ്പിക്കാനാണ്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അവിടെ ഫ്ളവർ ഷോ നടന്നതെങ്കിൽ ഇത്രയും ദിവസം അത് മേയറോ നഗരസഭയെ അറിഞ്ഞില്ലെന്ന് പറയുന്നത് ആശ്ചര്യമാണ്. ഇതാണ് സ്ഥിതിയെങ്കിൽ മേയർ ഒരു നിമിഷം വൈകാതെ രാജി വെയ്ക്കണം. നഗരത്തിൽ നടക്കുന്ന പ്രധാന ചടങ്ങുകൾ പോലും അറിയാത്ത മേയർ നഗരത്തിനു അപമാനമാണ്. ജാള്യത മറയ്ക്കാനുള്ള മേയറുടെ കണ്ണിൽ പൊടിയിടൽ തന്ത്രങ്ങൾ തിരിച്ചറിയാനുള്ള വിവേകം ജനത്തിനുണ്ട്. ഉമാ തോമസ് നേരിട്ട അപകടത്തിൽ മേയർക്കും ജിസിഡിഎ ചെയർമാനും എതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായും മുഹമ്മദ് ഷിയാസ് പറഞ്ഞു.










